English Plain Language Summary
Malayalam translation
മധ്യവയസ്കരായ ആളുകളിലെ ചില ആരോഗ്യ അവസ്ഥകൾ വച്ച് ഭാവിയിൽ സ്മൃതിനാശം അഥവാ ഡിമെൻഷ്യ വരുവാനുള്ള സാധ്യത അളക്കാനുള്ള ഉപകരണങ്ങൾ എന്തൊക്കെയാണ്? ഭാവിയിൽ വരാനിരിക്കുന്ന ഡിമെൻഷ്യ എന്ന രോഗത്തെക്കുറിച്ച് അവയ്ക്ക് കൃത്യമായി പ്രവചിക്കാൻ കഴിയുമോ?
പ്രധാന സന്ദേശങ്ങൾ
- മധ്യവയസ്കരിൽ ഭാവിയിൽ വരാൻ സാധ്യതയുള്ള ഡിമെൻഷ്യ എന്ന രോഗാവസ്ഥ പ്രവചിക്കുന്നതിനുള്ള 14 ഉപകരണങ്ങൾ (tools) ഞങ്ങൾ കണ്ടെത്തി.
- കാർഡിയോ വാസ്കുലാർ റിസ്ക് ഫാക്ടേഴ്സ്, ഏജിംഗ്, ആൻ്റ് ഡിമെൻഷ്യ (CAIDE-കെയ്ഡ്) എന്നു പേരിട്ടിട്ടുള്ള രോഗ പ്രവചന ഉപകരണം പരിശോധിക്കുന്ന ഏഴു പഠനങ്ങൾ കണ്ടെത്തി.
- പിന്നീടുള്ള ജീവിതത്തിൽ ഡിമെൻഷ്യ പ്രവചിക്കുവാൻ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ വേണ്ടത്ര വ്യക്തമല്ല, കാരണം പഠനങ്ങൾ നൽകുന്നത് ഉയർന്ന നിലവാരത്തിലുള്ള തെളിവുകളല്ല.
എന്താണ് ഈ ഡിമെൻഷ്യ?
തലച്ചോറിനെ ബാധിക്കുന്ന ഒരു കൂട്ടം അസുഖങ്ങൾ ഡിമെൻഷ്യ എന്നെ അവസ്ഥക്ക് കാരണമാകുന്നു. പ്രായം കൂടിയവരിലാണ് പൊതുവായി ഇത് കാണപ്പെടുന്നത്. അത് അവരുടെ ഓർമ്മകളെയും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷിയേയും, ദിവസേനയുള്ള കൃത്യങ്ങൾ ചെയ്യുവാനുള്ള കഴിവിനെയും സാരമായി ബാധിക്കുന്നു. മധ്യവയസ്കരായ ആളുകളിൽ കാണപ്പെടുന്ന ചില ആരോഗ്യാവസ്ഥകളോ ശീലങ്ങളോ പിൽക്കാലത്ത് ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത കൂട്ടിയേക്കാം. ഉദാഹരണത്തിന് ഉയർന്ന രക്തസമ്മർദ്ദം, മദ്യത്തിൻ്റെ അമിതമായ ഉപയോഗം, പുകവലി, വിഷാദരോഗം, വ്യായാമത്തിൻ്റെ കുറവ്, ഭക്ഷണ രീതിയിലെ അപാകത എന്നിവ ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരം ആരോഗ്യാവസ്ഥകളേയും ശീലങ്ങളേയും "മാറ്റം കൊണ്ടുവരാവുന്ന അപായഘടകങ്ങൾ (modifiable risk factors)" എന്ന ഗണത്തിലാണ് ഡിമെൻഷ്യയുമായി ബന്ധപ്പെട്ട് കരുതുന്നത്. ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് അവ കാരണം ഉണ്ടാകുന്ന അപകടസാധ്യതയിൽ കുറവു വരുത്താൻ കഴിയുന്നതിനാലാണിത്.
എന്താണ് പ്രവചന ഉപകരണങ്ങൾ?
പ്രവചന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗവേഷകർ വർഷങ്ങളോളം നേരത്തേ സൂചിപ്പിച്ച പലതരം അപായഘടകങ്ങൾ ഉള്ള ഒരുകൂട്ടം ആളുകളെ നിരീക്ഷിക്കുന്നു. അവരിൽ എത്രപേർക്ക് ഡിമെൻഷ്യ ഉണ്ടാകുന്നു എന്നറിയാനാണ് നിരീക്ഷണം. മധ്യവയസ്സിൽ അപായഘടകങ്ങൾ ഉള്ളതോ ഇല്ലാത്തതോ പിൽക്കാലത്ത് ഡിമെൻഷ്യ വരുവാനുള്ള സാധ്യതയെ ബാധിക്കുന്നതിനെ, ഈ പ്രവചന ഉപകരണങ്ങൾ ഒരു 'അപകടസാധ്യതാ പോയിൻ്റ് നില' ആയി രേഖപ്പെടുത്തുന്നു.
അപായഘടകങ്ങൾ ഉപയോഗിച്ച് ഭാവിയിലെ ഡിമെൻഷ്യ പ്രവചിക്കുന്ന ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നത് എന്തിനാണ്?
ഇപ്പോൾ ലോകത്താകമാനം ഏകദേശം അമ്പതു ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ബാധിച്ചിട്ടുണ്ട്. വേണ്ട രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ 2050 ഓടു കൂടി ഈ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയായി മാറിയേക്കും. മധ്യവയസ്കരായ ആളുകളിൽ ഈ രോഗത്തിനു കാരണമായേക്കാവുന്ന അപായഘടകങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അവർക്ക് ഭാവിയിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയുകയോ അഥവാ വന്നാൽ പോലും അതിൻ്റെ തീവ്രത കുറഞ്ഞിരിക്കുവാനായും സാധ്യത കാണുന്നുണ്ട്. പ്രവചന ഉപകരണങ്ങൾ മധ്യവയസ്കരെ അവർക്കനുയോജ്യമായ ജീവിത ശൈലി പരിഷ്കരിക്കുന്ന പരിപാടികളിലേക്ക് തെരഞ്ഞെടുക്കാൻ സഹായിക്കുകയും അത്തരത്തിൽ അവരുടെ അപായഘടകങ്ങൾ നിയന്ത്രിക്കാനാകുകയും ചെയ്യുന്നു.
എന്തായിരുന്നു നമുക്ക് കണ്ടെത്തേണ്ടിയിരുന്നത്?
നാല്പത്തി അഞ്ചിനും അറുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള മധ്യവയസ്കരായ ആളുകൾക്കായി ലഭ്യമായ ഉപകരണങ്ങൾ എന്തൊക്കെയാണ് എന്നും ഭാവിയിൽ (ചുരുങ്ങിയത് അഞ്ചു വർഷത്തിനപ്പുറം) വന്നേക്കാവുന്ന ഡിമെൻഷ്യയെ അവ എത്രത്തോളം നന്നായി പ്രവചിക്കുന്നു എന്നുമാണ് ഞങ്ങൾക്ക് കണ്ടെത്തേണ്ടിയിരുന്നത്. പൊതുവെ ഡിമെൻഷ്യയുമായി ബന്ധമുണ്ട് എന്ന് എല്ലാവരാലും അംഗീകരിക്കപ്പെട്ട അപായഘടകങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങളെ മാത്രമായിരുന്നു ഞങ്ങൾ അന്വേഷിക്കാനാഗ്രഹിച്ചത്.
ഞങ്ങൾ ചെയ്തതെന്ത്?
മധ്യവയസ്കരായ ആളുകളിൽ ഭാവിയിൽ ഡിമെൻഷ്യ വരാനുള്ള ഉയർന്ന സാധ്യത കണ്ടെത്തുന്ന ഉപകരണങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പഠനങ്ങളെ ഞങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. അത്തരം ഉപകരണങ്ങൾ എത്ര കൃത്യതയോടെയാണ് ഭാവിയിലെ ഡിമെൻഷ്യ പ്രവചിക്കുന്നത് എന്നത് ഒരു കൃത്യതാ മൂല്യത്തെ (accuracy value) അടിസ്ഥാനമാക്കി ഞങ്ങൾ അവലോകനം ചെയ്തു. നിർദ്ദിഷ്ട കൃത്യതാമൂല്യം 0.75 നു മുകളിലാണെങ്കിൽ വരാനിരിക്കുന്ന ഡിമെൻഷ്യ പ്രവചിക്കുന്ന ഉപകരണം കൃത്യതയുള്ളതാണ് എന്നു പറയാം. ഒരു പ്രത്യേകകൂട്ടം ആളുകളെ ഉപയോഗിച്ചുണ്ടാക്കിയ ഒരുപകരണം (അഥവാ ഉപകരണം ഉണ്ടാക്കിയതിനെപ്പറ്റിയുള്ള പഠനം) വേറൊരു കുട്ടം ആളുകളിൽ കൃത്യമായി ഡിമെൻഷ്യ പ്രവചിച്ചാൽ മാത്രമേ (അഥവാ ഉപകരണ ഉപയോഗം ഉറപ്പാക്കാനായുള്ള പഠനം) ആ ഉപകരണത്തെ നമുക്ക് ദൈനംദിന ആരോഗ്യ മേഖലയിൽ ഉപയോഗിക്കാൻ കഴിയുകയുള്ളു. ഇത്തരത്തിലുള്ള എല്ലാ കണ്ടെത്തിയ പഠനങ്ങളുടെയും ഫലങ്ങളെ ഞങ്ങൾ സംക്ഷേപിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തു.
എന്താണ് ഞങ്ങൾ കണ്ടെത്തിയത്?
ഡിമെൻഷ്യ പ്രവചിക്കുന്ന 14 വ്യത്യസ്തതരം ഉപകരണങ്ങളെക്കുറിച്ച് വിവരിക്കുന്ന 20 പഠനങ്ങൾ ഞങ്ങൾ കണ്ടെത്തുകയുണ്ടായി. ഈ ഉപകരണങ്ങൾ രണ്ടു മുതൽ പതിനൊന്നു " മാറ്റം കൊണ്ടുവരാവുന്ന അപായഘടകങ്ങളെ" ഉൾപ്പെടുത്തിയതായി കണ്ടു. രണ്ടിലധികം പഠനങ്ങളിൽ ഉൾപ്പെടുത്തപ്പെട്ട ഏഴു ഉപകരണങ്ങളെ ഉപയോഗം ഉറപ്പാക്കിയവയായി കണക്കാക്കാം. ഏഴു പഠനങ്ങൾ കെയ്ഡ് എന്ന ഉപകരണത്തെ ഉൾപ്പെടുത്തിയതായി കണ്ടു. കെയ്ഡ് ഉപകരണം ഒരാളുടെ രക്തസമ്മർദ്ദത്തിൻ്റെ അളവ്, ശരീരഭാരം, പൊക്കം, കൊഴുപ്പിൻ്റെ അളവ്, വ്യായാമത്തിൻ്റെ തോത് എന്നിവ ഉപയോഗിച്ചാണ് ഭാവിയിൽ അയാൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത പ്രവചിക്കുന്നത്. കെയ്ഡ് ഉപകരണത്തിൻ്റെ എല്ലാ പഠനത്തിലെയും കൂടിയുള്ള കൃത്യതാ മൂല്യം 0.71 ആയിരുന്നതിനാൽ അത് വിശ്വാസയോഗ്യതയുള്ള ഉപകരണമാണെന്നു പറയാൻ ഞങ്ങൾക്കു സാധിക്കുന്നില്ല.
തെളിവുകളുടെ പരിമിതി എന്തൊക്കെയാണ്?
കണ്ടെത്തിയ ഉപകരണങ്ങളുടെ പകുതിയും (ഏഴ്) ഒരു പഠനത്തിൽ വീതമേ കാണാൻ സാധിച്ചുള്ളു. അതു കൊണ്ട് അവ ഭാവിയിലെ ഡിമെൻഷ്യയെ എത്ര കൃത്യമായി പ്രവചിച്ചു എന്ന് കണക്കാക്കാക്കാൻ ഞങ്ങൾക്കായില്ല. പല പഠനങ്ങളിലും ഞങ്ങൾക്ക് കൃത്യതാ മൂല്യങ്ങൾ അളക്കാനാവശ്യമായ വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളു.
ഈ തെളിവുകൾ എത്രമാത്രം കാലികമാണ്?
ജൂൺ 2022 വരെയുള്ള തെളിവുകളെല്ലാം കാലികമാക്കിയിട്ടുണ്ട്.